പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം 4800 പേരെ തിരിച്ചയച്ചതായി മുഖ്യമന്ത്രി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അതിർത്തി സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കുന്ന നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ പൗരത്വത്തിന് അർഹതയില്ലാത്ത 4,800 പേരെ ഇതിനകം നാടുകടത്തിയതായും 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടന്ന ബിജെപി ശിൽപശാലയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 556 കിലോമീറ്റർ ദൂരത്തിൽ അതിർത്തി വേലി നിർമിക്കേണ്ടതുണ്ടെന്നും ആദ്യഘട്ടമായി 100 കിലോമീറ്റർ നീളമുള്ള പ്രദേശം ബി.എസ്.എഫിന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അംഗീകാരം നൽകിയിരുന്നു.

മുൻ ഭരണകൂടത്തിന്റെ കാലത്ത് അനധികൃതമായി എത്തിയവരോട് സ്വീകരിച്ച സമീപനം വ്യത്യസ്തമായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നിലവിൽ നിയമാനുസൃത നടപടികളിലൂടെ ബംഗ്ലാദേശ് സ്വദേശികളെയും രോഹിങ്ക്യ വിഭാഗത്തിൽപ്പെട്ട അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി ബി.എസ്.എഫിന് കൈമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി നയപ്രകാരം മതപീഡനം നേരിട്ട് ബംഗ്ലാദേശിൽ നിന്ന് എത്തിയ ഹിന്ദുക്കൾക്ക് സി.എ.എയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുമെന്നും മറ്റ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃണമൂൽ ഭരണകാലത്ത് നിർത്തിവെച്ച ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റിൽ വീണ്ടും ആരംഭിക്കുമെന്നും ഓഗസ്റ്റ് 12 മുതൽ 15 വരെ സർവേയും തുടർന്ന് സെപ്റ്റംബർ 14 വരെ വിവരശേഖരണവും നടക്കുമെന്നും അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ സെൻസസ് നടപടികൾ പൂർത്തിയാക്കി മണ്ഡല പുനർനിർണ്ണയവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ സർക്കാരിന്റെ ‘ലക്ഷ്മി ഭണ്ഡാർ’ പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പരിശോധിച്ചപ്പോൾ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത 27 ലക്ഷം പേരും സ്ത്രീകൾക്ക് മാത്രമായി നടപ്പാക്കിയ പദ്ധതിയിൽ ഏകദേശം മൂന്ന് ലക്ഷം പുരുഷന്മാരും ആനുകൂല്യം നേടിയതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ടിഎംസി ഭരണകാലത്ത് രാഷ്ട്രീയ അക്രമങ്ങളിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന 315 ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും ഈ മാസം തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *