പാർട്ടി ഫണ്ടിലേക്ക് മദ്യം വിൽക്കുന്ന പണം… മദ്യശാലകളിലെ വരുമാന ചോർച്ചക്ക് തടയിടാൻ വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ടാസ്മാക് (തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ) മദ്യവിൽപന ശൃംഖലയിലെ സാമ്പത്തിക ക്രമക്കേടുകളും അനധികൃത പിരിവുകളും അവസാനിപ്പിക്കാൻ കർശന നടപടികൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്താനും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും അദ്ദേഹം നിർദേശിച്ചത്.

മദ്യവിൽപനയിൽ നിന്നുള്ള മുഴുവൻ വരുമാനവും സംസ്ഥാന ഖജനാവിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനും അനധികൃത പിരിവുകൾ പൂർണമായി അവസാനിപ്പിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ടാസ്മാക് ശൃംഖലയിൽ നിന്ന് പ്രതിമാസം ഏകദേശം 102 കോടി രൂപ വരെ അനൗദ്യോഗിക ‘പാർട്ടി ഫണ്ട്’ എന്ന പേരിൽ വഴിതിരിച്ചുവിടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 1,600 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഡി.എം.കെ ഭരണകാലത്തെ ടാസ്മാക് ഇടപാടുകളും വിശദമായി പരിശോധിക്കുമെന്നാണ് വിവരം. അന്വേഷണ നടപടികൾ ഉടൻ ആരംഭിക്കാനും ആവശ്യമെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ഒരു കേസ് മദ്യത്തിന് ഏകദേശം 90 രൂപ വീതവും, ഒരു കേസ് ബിയറിന് 40 രൂപയും, ഒരു കേസ് വൈന് 20 രൂപയും പാർട്ടി ഫണ്ടെന്ന പേരിൽ ഈടാക്കിയിരുന്നുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഈ തുകകൾ മന്ത്രിമാരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഫണ്ടുകളിലേക്ക് മാറ്റിയിരുന്നുവെന്നും ആരോപണമുണ്ട്. എക്സൈസ് മന്ത്രി കെ. വിഘ്നേഷിന്റെ നേതൃത്വത്തിലായിരിക്കും പരിഷ്കാര നടപടികൾ നടപ്പാക്കുക.

ടാസ്മാക്കുമായി ബന്ധപ്പെട്ട അനൗപചാരിക വിതരണ ശൃംഖലകൾ പൂർണമായും അവസാനിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. എല്ലാ വകുപ്പുകളിലെയും വരുമാന ചോർച്ചകൾ കണ്ടെത്തി സർക്കാർ വരുമാനം മുഴുവൻ ഖജനാവിലെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. അനധികൃത പിരിവുകളുടെ വ്യാപ്തി കണക്കിലെടുത്താണ് ടാസ്മാക്കിലെ പ്രവർത്തനങ്ങൾ ആദ്യം പരിശോധിക്കാൻ തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ നിലവിലുള്ള 10 രൂപ കുപ്പി നിക്ഷേപ-ബൈബാക്ക് സംവിധാനവും സർക്കാർ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കുപ്പി തിരിച്ചെടുക്കൽ സംവിധാനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മാത്രം പ്രതിമാസം 300 കോടി രൂപയുടെ അഴിമതിക്ക് വഴിവെച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *