ന്യൂഡൽഹി: രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ നിലവാരവും അടിസ്ഥാന സൗകര്യങ്ങളും സംബന്ധിച്ച വിവാദം തുടരുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിനെതിരെ പുതിയ വെല്ലുവിളിയുമായി സി.ജെ.പി വക്താവ് അശുതോഷ് റങ്ക. മന്ത്രിയുടെ കാലയളവിൽ സംസ്ഥാനത്ത് നിർമിച്ചതിൽ ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോയെന്നാണ് റങ്ക ചോദിച്ചത്.
പശ്ചിമ ബംഗാൾ സന്ദർശനം പൂർത്തിയാക്കി ജയ്പൂരിൽ തിരിച്ചെത്തിയ ശേഷം സംസ്ഥാനത്തെ വിവിധ സർക്കാർ സ്കൂളുകളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി സി.ജെ.പി ആരംഭിച്ച ‘സ്കൂൾ ടീക്ക് കരോ’ ക്യാമ്പയിൻ തുടരുമെന്നും റങ്ക അറിയിച്ചു.
ഇതിനിടെ, സർക്കാർ സ്കൂളുകളിലെ പരിശോധനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ നിർദേശം പുറപ്പെടുവിച്ചിരുന്നു. ആഗസ്റ്റ് 16ലെ സർക്കുലർ പ്രകാരം പ്രിൻസിപ്പലിന്റെയോ സ്ഥാപന മേധാവിയുടെയോ മുൻകൂർ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവർക്ക് സ്കൂൾ വളപ്പിൽ പ്രവേശിക്കാൻ കഴിയില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇളവ്.
സ്കൂളിൽ എത്തുന്ന സന്ദർശകർ അവരുടെ വിവരങ്ങൾ സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. അധ്യാപകരുടെയോ അധികൃത ജീവനക്കാരുടെയോ സാന്നിധ്യമില്ലാതെ ക്ലാസ് മുറികൾ, ലാബുകൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, കളിസ്ഥലങ്ങൾ, ശുചിമുറികൾ തുടങ്ങിയ മേഖലകളിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ, വീഡിയോകൾ, അഭിമുഖങ്ങൾ, ഓഡിയോ റെക്കോർഡിങ്ങുകൾ എന്നിവ മുൻകൂർ രേഖാമൂലമുള്ള അനുമതിയില്ലാതെ പകർത്താനും ലൈവ് സ്ട്രീമിങ് നടത്താനും പാടില്ല. വിദ്യാർഥികളുടെ സുരക്ഷ, സ്വകാര്യത, മാന്യത എന്നിവയെ ബാധിക്കുന്ന തരത്തിൽ വ്യക്തിഗത വിവരങ്ങളോ ദൃശ്യങ്ങളോ ശേഖരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സ്കൂളുകളുടെ യഥാർഥ സാഹചര്യം പുറത്തുകൊണ്ടുവരുന്നതിനായുള്ള പരിശോധനകൾ തടയാനാകില്ലെന്ന നിലപാടിലാണ് റങ്ക. പരിശോധനയുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്താലും ‘സ്കൂൾ ടീക്ക് കരോ’ ക്യാമ്പയിനുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.











Leave a Reply