ന്യൂഡൽഹി: എൻ.ഡി.എ സഖ്യകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയിൽ ചേരണമെന്ന കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ ക്ഷണത്തോട് പ്രതികരിച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ. ഒരു മാസം മുമ്പ് തന്നെ ദേശവിരുദ്ധനെന്ന് വിശേഷിപ്പിച്ചിരുന്നില്ലേയെന്ന ചോദ്യമാണ് ഹിന്ദുസ്താൻ ടൈംസിന്റെ റിപ്പോർട്ട് പങ്കുവെച്ച് ദീപ്കെ ഇൻസ്റ്റാഗ്രാമിലൂടെ ഉന്നയിച്ചത്.
അംബേദ്കറുടെ ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും സമൂഹത്തെയും ആർ.പി.ഐയെയും ശക്തിപ്പെടുത്തുന്നതിനുമായി ദീപ്കെ പാർട്ടിയിൽ ചേരുന്നത് പരിഗണിക്കണമെന്നായിരുന്നു അത്താവാലെയുടെ നിർദേശം. യുവാവും സജീവവുമായ അംബേദ്കറൈറ്റാണ് ദീപ്കെയെന്നും അദ്ദേഹം ആർ.പി.ഐയിൽ ചേരുന്നത് പരിഗണിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കുന്ന സർക്കാരിനൊപ്പം ദീപ്കെ നിൽക്കണമെന്നും അത്താവാലെ ആവശ്യപ്പെട്ടു.
എന്നാൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ ദീപ്കെ വ്യത്യസ്തമായ നിലപാട് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന് നിലവിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയേക്കാൾ ആവശ്യം ജനകീയ പ്രസ്ഥാനമാണെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളിൽ ഭിന്നത സൃഷ്ടിക്കുന്ന സാഹചര്യം ജനങ്ങളുടെ രാഷ്ട്രീയ സംവിധാനത്തോടും തെരഞ്ഞെടുപ്പ് പ്രക്രിയയോടുമുള്ള വിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും ദീപ്കെ വിമർശിച്ചിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, പരീക്ഷാ പേപ്പർ ചോർച്ച, വിദ്യാർഥികളുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങളിൽ നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടാണ് ദീപ്കെ നേരത്തെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയത്. പ്രതിഷേധിക്കുന്ന യുവാക്കളെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിനെതിരെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശത്തെയും അദ്ദേഹം പിന്തുണച്ചിരുന്നു. ഈ സന്ദേശം ബി.ജെ.പി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൈമാറണമെന്നും ദീപ്കെ ആവശ്യപ്പെട്ടിരുന്നു.











Leave a Reply