‘വലിയ ഉദ്യോഗസ്ഥ പട ആവശ്യമില്ല’; ഓൾ ഇന്ത്യ സർവീസ് തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ

ദില്ലി: ഭരണച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് കേഡറുകളിലെ തസ്തികകളുടെ എണ്ണം കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ. ഇതുസംബന്ധിച്ച ഔദ്യോഗിക ശുപാർശ ഉടൻ കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

നിലവിലെ 153 ഐ.എ.എസ് തസ്തികകൾ 130 ആയി കുറയ്ക്കാനാണ് തീരുമാനം. ഐ.എഫ്.എസ് തസ്തികകൾ 118ൽ നിന്ന് 83 ആക്കാനും നിർദേശമുണ്ട്. ഐ.പി.എസ് കേഡറിലും കുറവ് വരുത്തുമെങ്കിലും ഇതിന്റെ കൃത്യമായ എണ്ണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനത്തെ ജനസംഖ്യയും ഭരണപരമായ ആവശ്യകതകളും പരിഗണിക്കുമ്പോൾ നിലവിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കൂടുതലാണെന്നാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ നിലപാട്. 70 ലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്തിന് 100 മുതൽ 110 വരെ ഐ.എ.എസ് ഉദ്യോഗസ്ഥർ മതിയാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഉദ്യോഗസ്ഥ തലത്തിലുണ്ടാകാവുന്ന എതിർപ്പ് കൂടി കണക്കിലെടുത്താണ് 23 തസ്തികകൾ മാത്രം കുറയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിനായി പ്രതിവർഷം ഏകദേശം 200 കോടി രൂപ ചെലവാകുന്നുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. നിലവിൽ പല ഉദ്യോഗസ്ഥർക്കും മതിയായ ചുമതലകളില്ലെന്നും സുഖു ചൂണ്ടിക്കാട്ടി. സർക്കാർ പദ്ധതികളും നയങ്ങളും കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുന്ന ഉദ്യോഗസ്ഥ സംവിധാനമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാൻ താൽപര്യമുള്ള ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്നതിൽ സർക്കാർ ഇളവ് സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഇത്തരം അപേക്ഷകളിൽ കാലതാമസം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അപേക്ഷ ലഭിച്ചാൽ ഉടൻ തന്നെ കേന്ദ്ര സർവീസിലേക്ക് പോകാൻ അനുവദിക്കുന്ന നയമാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിമാചലിൽ നിന്നുള്ള ഇരുപതോളം ഐ.എ.എസ് ഉദ്യോഗസ്ഥരും പത്തിലധികം ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരും നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *