കുഞ്ഞിനെ വീട്ടിലാക്കി വരുന്നതെങ്ങനെ?; നവജാതശിശുവിനൊപ്പം നിയമസഭയിലെത്തി ടി.വി.കെ എം.എൽ.എ

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) എം.എൽ.എ എം.ആർ. പല്ലവി നവജാതശിശുവിനെയും ഒപ്പം കൂട്ടി തമിഴ്നാട് നിയമസഭാ സമ്മേളനത്തിനെത്തിയത് ചർച്ചയായി. കുഞ്ഞിനൊപ്പം നിയമസഭയിലെത്തിയതിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി എം.എൽ.എ രംഗത്തെത്തി.

സഭാ നടപടികളിൽ പങ്കെടുക്കുന്ന സമയത്ത് കുഞ്ഞിനെ പരിചരിക്കുന്നതിനായി നിയമസഭാ മന്ദിരത്തിന് സമീപത്തെ പ്രത്യേക മുറിയിൽ പരിചാരികയെ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്. എം.എൽ.എ സഭയിലായിരിക്കുമ്പോൾ കുഞ്ഞ് ഈ മുറിയിലാണ് കഴിയുന്നത്. നിയമസഭാ വളപ്പിലെത്തിയ മുഖ്യമന്ത്രി വിജയ് കുഞ്ഞിനെ കാണുകയും ആശീർവദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ചിലർ ഇത് ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന തരത്തിൽ വിമർശനം ഉന്നയിച്ചത്.

വിമർശനങ്ങൾ അന്യായമാണെന്ന് പല്ലവി പ്രതികരിച്ചു. ‘ഇതിൽ നാടകം കളിക്കാൻ എന്താണുള്ളത്? ഇത്രയും ചെറിയ കുഞ്ഞിനെ എങ്ങനെയാണ് വീട്ടിലാക്കി വരുന്നത്? പ്രതികരിക്കുന്നതിന് മുമ്പ് ദയവായി വസ്തുതകൾ മനസ്സിലാക്കണം. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും അവരെ വിമർശിക്കാതിരിക്കാനെങ്കിലും ശ്രമിക്കണം’ എന്ന് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ഓഗസ്റ്റ് 5ന് ആരംഭിച്ച തമിഴ്നാട് നിയമസഭാ സമ്മേളനം സെപ്റ്റംബർ 8 വരെ തുടരും. സംസ്ഥാന ബജറ്റ്, പ്രധാന നിയമനിർമാണങ്ങൾ, ജനക്ഷേമ പദ്ധതികൾ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന വിഷയങ്ങൾ. ഇതിനിടെയാണ് കുഞ്ഞിനെയും ഒപ്പം കൂട്ടിയുള്ള എം.എൽ.എയുടെ നടപടി ജനപ്രതിനിധികളുടെ വ്യക്തിജീവിതവും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും തമ്മിലുള്ള സന്തുലനത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *