അഴിമതി തുടച്ചുനീക്കൽ ലക്ഷ്യം; ദിവസവും 20 മണിക്കൂർ വരെ വിജയ് ജോലി ചെയ്യുന്നെന്ന് ആധവ് അർജുന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി 100 ദിവസം പൂർത്തിയാക്കിയ വിജയ്‌യുടെ ഭരണരീതിയെക്കുറിച്ച് അടുത്ത അനുയായിയും മന്ത്രിയുമായ ആധവ് അർജുനയുടെ വെളിപ്പെടുത്തൽ. ദിവസവും 18 മുതൽ 20 മണിക്കൂർ വരെ മുഖ്യമന്ത്രി ജോലി ചെയ്യാറുണ്ടെന്നും പുലർച്ചെ തന്നെ മന്ത്രിമാരുമായി ഭരണകാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ നാല് മണിയോടെ ഉണരുന്ന വിജയ് വിവിധ വകുപ്പുകളിലെ മന്ത്രിമാരെ ഫോണിൽ ബന്ധപ്പെട്ട് പ്രവർത്തനങ്ങളുടെ പുരോഗതി അന്വേഷിക്കാറുണ്ടെന്നാണ് ആധവ് അർജുന പറയുന്നത്. ജനവിധിയുടെ വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാരിന് മുന്നിലുള്ള പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനാണ് മുഖ്യമന്ത്രി മുൻഗണന നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചെന്നൈയിൽ നടന്ന ഇന്ത്യ ടുഡേ തമിഴ്‌നാട് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ആധവ് അർജുന. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അധികാരത്തിന്റെ പേരിൽ അഹങ്കാരമില്ലെന്നും ജനങ്ങളുടെ ക്ഷേമത്തിനാണ് ഭരണത്തിൽ പ്രധാന പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ഇല്ലാതാക്കുന്നതിനാണ് വിജയ് പ്രധാനമായും ശ്രദ്ധ നൽകുന്നതെന്നും ആധവ് അർജുന വ്യക്തമാക്കി. ഭരണസംവിധാനത്തിൽ സുതാര്യത ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ തുടക്കത്തിൽ തന്നെ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടിൽ വർഷങ്ങളായി നിലനിൽക്കുന്ന അഴിമതി ഇപ്പോഴും വെല്ലുവിളിയാണെങ്കിലും ഭരണത്തിന്റെ ഉന്നതതലത്തിൽ നിന്ന് മാറ്റം കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഴിമതി പൂർണമായി ഇല്ലാതാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ആധവ് അർജുന അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *