ന്യൂഡൽഹി: ഡിപ്രൈവേഷൻ പോയിന്റ് സംവിധാനത്തിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾക്ക് ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല ഇടപെടൽ. ഡിപ്രൈവേഷൻ പോയിന്റിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ അന്തിമമാക്കരുതെന്നും അതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കരുതെന്നും ജസ്റ്റിസ് ജസ്മീത് സിങ് നിർദേശിച്ചു.
പി.ജി പ്രവേശനത്തിന് ശ്രമിക്കുന്ന അമിത് മെഹ്റ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജെ.എൻ.യുവിന്റെ 2026-27 ഇ-പ്രോസ്പെക്ടസിലെ ഡിപ്രൈവേഷൻ പോയിന്റ് സംബന്ധിച്ച വ്യവസ്ഥകളെയാണ് ഹരജിക്കാരൻ ചോദ്യം ചെയ്തത്. സി.യു.ഇ.ടി മാർക്കിന് പുറമെ ഈ പോയിന്റുകൾ വഴി വിദ്യാർഥികൾക്ക് അധിക മാർക്ക് ലഭിക്കുന്നത് മെറിറ്റ് നിർണയത്തെ ബാധിക്കുമെന്നാണ് ഹർജിക്കാരന്റെ വാദം.
ജെ.എൻ.യുവിന്റെ നിലവിലെ നയമനുസരിച്ച് ഒരു വിദ്യാർഥിക്ക് പരമാവധി 12 ഡിപ്രൈവേഷൻ പോയിന്റ് വരെ ലഭിക്കാം. ഓരോ പോയിന്റിനും മൂന്ന് മാർക്ക് വീതം കണക്കാക്കുന്നതിനാൽ പരമാവധി 36 അധിക മാർക്കിന്റെ നേട്ടമാണ് ഇതിലൂടെ ലഭിക്കുക. മുൻപ് പഠിച്ച സ്ഥാപനത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ് പോയിന്റ് നൽകുന്നതിന് പരിഗണിക്കുന്നത്.
പ്രവേശന പരീക്ഷയിൽ നേടിയ യഥാർഥ സി.യു.ഇ.ടി മാർക്ക്, നോർമലൈസ്ഡ് മാർക്ക് അല്ലെങ്കിൽ പെർസന്റൈൽ മാത്രം പരിഗണിച്ചാകണം റാങ്കും മെറിറ്റ് പട്ടികയും തയ്യാറാക്കേണ്ടതെന്നാണ് ഹരജിക്കാരന്റെ ആവശ്യം. മത്സരാധിഷ്ഠിത പരീക്ഷ പൂർത്തിയായ ശേഷം സർവകലാശാലയ്ക്ക് വിദ്യാർഥിയുടെ സ്കോറിൽ അധിക പോയിന്റ് ചേർക്കാൻ കഴിയുന്നത് പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കാമെന്ന് കോടതി പ്രാഥമികമായി വിലയിരുത്തി.
അതേസമയം, രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ജെ.എൻ.യുവിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനാണ് ഡിപ്രൈവേഷൻ പോയിന്റ് സംവിധാനം കൊണ്ടുവന്നതെന്ന് സർവകലാശാല കോടതിയിൽ വിശദീകരിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും അധ്യാപകരെയും സർവകലാശാലയിലേക്ക് ആകർഷിക്കുന്നതിന് പ്രത്യേക നടപടികൾ സ്വീകരിക്കണമെന്ന ജെ.എൻ.യു ആക്ടിലെ വ്യവസ്ഥകളും സർവകലാശാല ചൂണ്ടിക്കാട്ടി. അക്കാദമിക് കൗൺസിൽ വിശദമായ ചർച്ചകൾക്കുശേഷമാണ് നയം അംഗീകരിച്ചതെന്നും ജെ.എൻ.യു അറിയിച്ചു.
എന്നാൽ ഈ വാദങ്ങൾ ഇപ്പോഴത്തെ ഘട്ടത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. പ്രവേശന പരീക്ഷയിൽ ലഭിച്ച സ്കോറിലേക്ക് ഡിപ്രൈവേഷൻ പോയിന്റ് ചേർക്കുന്നത് ഫലത്തിൽ വിദ്യാർഥിയുടെ യഥാർഥ മാർക്ക് മാറ്റുന്നതിന് സമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പരീക്ഷയ്ക്ക് ശേഷം സ്കോർ മാറ്റാൻ സർവകലാശാലയ്ക്ക് കഴിയുന്ന സാഹചര്യം മത്സരാധിഷ്ഠിത പ്രവേശന പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.
ഇതിനകം 1,500 പി.ജി വിദ്യാർഥികൾക്കും 451 യു.ജി വിദ്യാർഥികൾക്കും പ്രവേശന ഓഫർ നൽകിയതായി ജെ.എൻ.യു കോടതിയെ അറിയിച്ചു. ഡിപ്രൈവേഷൻ പോയിന്റ് ഉപയോഗിച്ച് നടപടികൾ മുന്നോട്ട് കൊണ്ടുപോയ ശേഷം സംവിധാനം നിയമപരമല്ലെന്ന് കണ്ടെത്തിയാൽ പ്രവേശന നടപടികൾ പഴയപടിയാക്കുന്നത് പ്രയാസകരമാകുമെന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇതും പരിഗണിച്ചാണ് കോടതി ഇടക്കാല നിയന്ത്രണം ഏർപ്പെടുത്തിയത്.
ഹരജിയിൽ ജെ.എൻ.യുവിന് നോട്ടീസ് നൽകിയ കോടതി മറുപടി സമർപ്പിക്കാൻ നാല് ദിവസം അനുവദിച്ചു. കേസ് ആഗസ്റ്റ് 24ന് വീണ്ടും പരിഗണിക്കും. അതേസമയം, ഡിപ്രൈവേഷൻ പോയിന്റ് നയം നിയമപരമാണോ എന്നതിൽ ഹൈക്കോടതി അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല. സർവകലാശാലയുടെ മറുപടിയും തുടർവാദങ്ങളും പരിഗണിച്ച ശേഷമായിരിക്കും വിഷയത്തിൽ അന്തിമ തീരുമാനം.











Leave a Reply