‘ഗാന്ധിയും നെഹ്‌റുവും ആലപിച്ച ഭാഗം മാത്രമാണ് പാടിയത്’; വന്ദേമാതരം വിവാദത്തിൽ ഖാർഗെ

ഗോവ: വന്ദേമാതരം ആലപിച്ചതിനെ ചൊല്ലി വീണ്ടും വിവാദം. ഗോവയിൽ നടന്ന കോൺഗ്രസ് കൺവെൻഷനിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിച്ചത്. ഇതിനെതിരെ ഗോവ ബി.ജെ.പി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിന് തുടക്കമായത്.

വന്ദേമാതരം പൂർണമായി ആലപിക്കാത്തത് ഗാനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ വിമർശനം. മുസ്‌ലിം ലീഗിന്റെ സമ്മർദ്ദം മൂലമാണ് കോൺഗ്രസ് ഗാനത്തിന്റെ പകുതി മാത്രം ആലപിക്കുന്നതെന്നും രവിശങ്കർ പ്രസാദ് ആരോപിച്ചു.

എന്നാൽ ബി.ജെ.പി വിമർശനങ്ങളെ ഖാർഗെ തള്ളി. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ആലപിച്ച ഭാഗമാണ് ഗോവയിലെ പരിപാടിയിൽ താൻ ആലപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആ ഭാഗം ആലപിക്കുന്നത് കുറ്റമാണെങ്കിൽ ഗാന്ധിക്കും നെഹ്‌റുവിനുമെതിരെ കേസെടുക്കണമെന്നും ഖാർഗെ പരിഹസിച്ചു.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ വിവാദത്തിനും ഖാർഗെ രാഷ്ട്രീയ മറുപടി നൽകി. ഇപ്പോൾ ഇതിന്റെ പേരിൽ പ്രതിഷേധിക്കുന്നവർ ജനിക്കുന്നതിന് മുമ്പുതന്നെ ഇക്കാര്യത്തിൽ തീരുമാനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭാവിയിൽ മറ്റൊരു സർക്കാർ അധികാരത്തിലെത്തിയാൽ അവർ സ്വീകരിക്കുന്ന നിലപാടായിരിക്കും അന്നത്തെ നയമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *