2 മണിക്കൂർ ദില്ലി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു; ഇന്ത്യ സന്ദർശനം റദ്ദാക്കി മടങ്ങി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്

ദില്ലി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ പോളിസി ആൻഡ് സ്ട്രാറ്റജി അഫയേഴ്സ് ഉപദേഷ്ടാവ് സഹേദ് ഉർ റഹ്മാനെ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് മണിക്കൂറിലേറെ തടഞ്ഞുവെച്ച സംഭവത്തെ തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ പുതിയ നയതന്ത്ര വിവാദം ഉടലെടുത്തു.

ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ (ഐ.ഒ.ആർ.എ) യോഗത്തിൽ പങ്കെടുക്കാനാണ് സഹേദ് ഉർ റഹ്മാൻ ദില്ലിയിലെത്തിയത്. എന്നാൽ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ അദ്ദേഹത്തെ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് ഉന്നതതല ഇടപെടലിനെ തുടർന്ന് ഇന്ത്യയിൽ പ്രവേശിക്കാൻ അനുമതി ലഭിച്ചെങ്കിലും, നടപടിയിൽ പ്രതിഷേധിച്ച് അദ്ദേഹം സന്ദർശനം ഉപേക്ഷിച്ച് കൊളംബോ വഴി ധാക്കയിലേക്ക് മടങ്ങി.

സംഭവത്തിൽ ബംഗ്ലാദേശ് സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ധാക്കയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പവൻ ബാധെയെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധം അറിയിക്കുകയും ചെയ്തു. മുൻകൂട്ടി സന്ദർശന വിവരം കൈമാറിയിട്ടും വ്യക്തമായ വിശദീകരണമില്ലാതെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ തടഞ്ഞുവെച്ചത് ദൗർഭാഗ്യകരമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലൂർ റഹ്മാൻ പ്രതികരിച്ചു.

അതേസമയം, സുരക്ഷാ പരിശോധനയ്ക്കിടെ സഹേദ് ഉർ റഹ്മാന്റെ പേര് വാച്ച് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടതാണ് തടയലിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര പാസ്പോർട്ടിന് പകരം സാർക്ക് സ്റ്റിക്കർ പതിച്ച സാധാരണ പാസ്പോർട്ടിലാണ് അദ്ദേഹം യാത്ര ചെയ്തിരുന്നതായും സൂചനകളുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) അധികാരത്തിലെത്തിയതിന് ശേഷമുള്ള ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ആദ്യ പ്രധാന നയതന്ത്ര പ്രതിസന്ധിയായാണ് ഈ സംഭവത്തെ വിലയിരുത്തുന്നത്. ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തോടുള്ള ഇന്ത്യയുടെ സമീപനത്തിൽ മാറ്റമുണ്ടാകുന്നുവെന്ന ചർച്ചകൾക്കിടയിലാണ് സംഭവം പുറത്തുവന്നത്.

ബംഗ്ലാദേശ് ഭരണകൂടത്തിൽ ഇന്ത്യ വിരുദ്ധ നിലപാടുകൾക്ക് സ്വാധീനം വർധിക്കുന്നുവെന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സംഭവം കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടുകയാണ്. അതേസമയം, വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *