‘ഒരു കണ്ണുകൊണ്ട് കളിക്കാമോ?’; ലോകകപ്പ് വേദിയിലെത്തിയ കാസ്റ്റനീറിന്റെ അതിജീവന കഥ

ഹൂസ്റ്റണിലെ ലോകകപ്പ് വേദിയിലേക്ക് ക്യൂറസാവ് ഇറങ്ങാനൊരുങ്ങുമ്പോൾ, ആ ടീമിലെ ഒരാളുടെ മനസ്സിൽ വർഷങ്ങൾ പഴക്കമുള്ള ഓർമ്മകൾ വീണ്ടും തെളിഞ്ഞിരിക്കാം. വെറും ഒന്നരലക്ഷത്തോളം ജനസംഖ്യയുള്ള ദ്വീപ് രാഷ്ട്രമായ ക്യൂറസാവിന്റെ ലോകകപ്പ് സ്വപ്നത്തിന് പിന്നിലെ പ്രധാന മുഖങ്ങളിലൊരാളാണ് ജർവെയിൻ കാസ്റ്റനീർ.

ലോകകപ്പിന് മുന്നോടിയായി കാസ്റ്റനീറിന് പിതാവ് എഴുതിയ കത്ത് അദ്ദേഹത്തെ വികാരാധീനനാക്കി. കുട്ടിക്കാലം മുതൽ പന്തിനോടുള്ള അവന്റെ അടുപ്പവും, പ്രൊഫഷണൽ ഫുട്ബോളറാകാനുള്ള സ്വപ്നവും, അതിനായി നടത്തിയ പോരാട്ടങ്ങളും ആ കത്തിൽ നിറഞ്ഞിരുന്നു.

2017 ജനുവരിയിൽ സംഭവിച്ച ഒരു അപകടമാണ് കാസ്റ്റനീറിന്റെ ജീവിതം മാറ്റിമറിച്ചത്. അന്ന് ഡച്ച് ക്ലബ്ബായ എഡിഒ ഡെൻ ഹാഗിനായി കളിക്കുകയായിരുന്നു താരം. പെക് സ്വൊല്ലെയെതിരായ മത്സരത്തിൽ ഗോൾ നേടി ടീമിന്റെ ഹീറോയായി മാറിയെങ്കിലും, അതേ മത്സരത്തിനിടെയാണ് അദ്ദേഹത്തിന്റെ കണ്ണിൽ പന്ത് ശക്തമായി പതിച്ചത്.

പരിക്കേറ്റതോടെ കാഴ്ച മങ്ങുകയും കളി തുടരാനാകാത്ത സാഹചര്യം രൂപപ്പെടുകയും ചെയ്തു. ടീം ഡോക്ടർ മൈതാനത്തിന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും കാസ്റ്റനീറിന്റെ ചോദ്യം ഒന്നു മാത്രമായിരുന്നു: “ഒരു കണ്ണുകൊണ്ട് എനിക്ക് കളിക്കാൻ കഴിയുമോ?”

തുടർന്നുള്ള പരിശോധനകളിൽ റെറ്റീനയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതായി കണ്ടെത്തി. അപകടത്തിന്റെ ഫലമായി ഒരു കണ്ണിലെ കാഴ്ച ഏകദേശം 30 ശതമാനമായി ചുരുങ്ങി. ജർമൻ ക്ലബ്ബായ എഫ്എസ്‌വി മെയിൻസിലേക്ക് ചേക്കേറാനുള്ള സ്വപ്നത്തിനും ഈ പരിക്ക് തിരിച്ചടിയായി.

എന്നാൽ അതിനെ ജീവിതത്തിന്റെ അവസാനമായി കാണാൻ കാസ്റ്റനീർ തയ്യാറായില്ല. വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരികയും ഫുട്ബോൾ ജീവിതം പുനർനിർമ്മിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ചികിത്സയുടെയും വിശ്രമത്തിന്റെയും കാലഘട്ടത്തിലും ആ സ്വപ്നം മാത്രമാണ് അദ്ദേഹം മനസ്സിൽ സൂക്ഷിച്ചത്.

അടുത്ത വർഷം തന്നെ കൈസേഴ്സ്ലൗട്ടേൺ ക്ലബ്ബിനൊപ്പം അദ്ദേഹം തിരിച്ചെത്തി. തുടർന്ന് വിവിധ ക്ലബ്ബുകൾക്കായി കളിച്ച കാസ്റ്റനീർ തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോയി. നെതർലൻഡ്സിൽ ജനിച്ച താരം 2018-ലാണ് ക്യൂറസാവ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്.

ദേശീയ ടീമിനൊപ്പവും അദ്ദേഹം നിർണായക പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ താരം, ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് വേദിയിലേക്ക് എത്തുന്ന ക്യൂറസാവിന്റെ സ്വപ്നസാഫല്യത്തിൽ പ്രധാന പങ്കുവഹിച്ചു.

ഒരു കണ്ണിന്റെ കാഴ്ച ഗുരുതരമായി ബാധിക്കപ്പെട്ടിട്ടും സ്വപ്നങ്ങൾ കൈവിടാതിരുന്ന കാസ്റ്റനീറിന്റെ യാത്ര ഇന്ന് ക്യൂറസാവിനും ലോക ഫുട്ബോളിനും പ്രചോദനമാണ്. ലോകകപ്പ് വേദിയിൽ ക്യൂറസാവ് ഇറങ്ങുമ്പോൾ, ആ ടീമിനൊപ്പം ഒരു അതിജീവനത്തിന്റെ കഥയും ലോകം കാണുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *