വനിത ടി 20 ലോകകപ്പ്; അർദ്ധ സെഞ്ച്വറിയുമായി സ്മൃതി മന്ദാന; പാകിസ്ഥാന് വിജയലക്ഷ്യം 171

ബര്‍മിംഗ്ഹാം: ഇന്ത്യ- പാകിസ്ഥാൻ വനിതാ ടി 20 യിൽ പാകിസ്ഥാന് 171റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 തികച്ചത്. ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന അർദ്ധ സെഞ്ച്വറി നേടി. നാല്പത്തിനാല് പന്തുകളിൽ നിന്നും 9 ഫോറുകളും 2 സിക്സുകളും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിംഗ്‌സ്. ഹർമൻപ്രീത് കൗർ 36 (35), റിച്ച ഘോഷ് 34 (17) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്ക് തുണയായി. ഇന്നത്തെ ടോസ് സമയത്ത് പതിവുള്ള ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും തയാറായില്ലെന്നത് ശ്രദ്ധേയമായി.

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1 ന് നഷ്ടമായെങ്കിലും, അതിനുശേഷമുള്ള വാം-അപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളിക്കാൻ ഇറങ്ങിയത്. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഇരുടീമുകളും ലോകകപ്പിൽ ഇതുവരെ 8 തവണ ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പാകിസ്ഥാന് 2 തവണ മാത്രമാണ് വിജയിക്കാനായത്.

ലോകകപ്പിലെ കഴിഞ്ഞ മൂന്ന് നേർക്കുനേർ പോരാട്ടങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം. ഈ മേധാവിത്വം ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും, പാകിസ്ഥാനെ ഒട്ടും കുറച്ചുകാണാൻ ഇന്ത്യ തയ്യാറല്ല. അനുഭവസമ്പത്തും യുവത്വവും ഒത്തിണങ്ങിയ മികച്ചൊരു സ്ക്വാഡാണ് ഇത്തവണ ഇന്ത്യയുടേത്.

ഇന്ത്യൻ വനിതാ ടീം പ്ലേയിങ് ഇലവൻ: സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ഭാരതി ഫുൽമാലി, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ്മ, അരുന്ധതി റെഡ്ഡി, ശ്രേയങ്ക പാട്ടീൽ, ശ്രീ ചരണി, ക്രാന്തി ഗൗഡ്

പാകിസ്ഥാൻ വനിതാ ടീം പ്ലേയിങ് ഇലവൻ: ഗുൽ ഫിറോസ, മുനീബ അലി (വിക്കറ്റ് കീപ്പർ), ആയിഷ സഫർ, സൈറ ജബീൻ, ആലിയ റിയാസ്, നതാലിയ പർവേസ്, ഫാത്തിമ സന (ക്യാപ്റ്റൻ), രാമീൻ ഷമീം, നഷ്‌റ സന്ധു, തസ്മിയ റുബാബ്, സാദിയ ഇഖ്ബാൽ

Leave a Reply

Your email address will not be published. Required fields are marked *