8,000mAh ബാറ്ററിയും 144Hz ഡിസ്പ്ലെയും; ടെക്നോ പോവ 8 ഇന്ത്യയിൽ

സ്‍മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ ഇന്ത്യയിൽ പുതിയ പോവ സീരീസ് സ്‍മാർട്ട്ഫോണായ ‘പോവ 8’ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പോവ 7ന്റെ പിൻഗാമി ആയാണ് പുതിയ മോഡൽ എത്തുന്നത്. ശക്തമായ 8,000mAh ബാറ്ററി, 144Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7100 പ്രോസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.

ഇന്ത്യയിൽ പോവ 8യുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 29,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 31,999 രൂപയുമാണ് വില. 16 ബിറ്റ് വൈറ്റ്, പ്ലാസ്‍മ ഓറഞ്ച്, ടെർമിനൽ ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. ഫ്ലിപ്‍കാർട്ട് വഴിയാണ് വിൽപ്പന നടത്തുക. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈഒഎസ് 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6.76 ഇഞ്ച് ഫുൾ എച്ച്ഡി+ ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 144Hz റിഫ്രഷ് റേറ്റ്, 950 നിറ്റ്സ് വരെ ബ്രൈറ്റ്നസ്, 1500Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ ഗെയിമിംഗ് ഉൾപ്പെടെയുള്ള ഉപയോഗങ്ങൾക്ക് മികച്ച അനുഭവം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പെർഫോമൻസിനായി 6 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7100 ഒക്ടാകോർ പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. മാലി-G610 MC2 ജിപിയുവും എൽപിഡിഡിആർ5X റാമും യു‌എഫ്‌എസ് 2.2 സ്റ്റോറേജും ഈ ഫോണിൽ ഉണ്ട്. ഗെയിമിംഗ് സമയത്തെ ചൂട് നിയന്ത്രിക്കുന്നതിനായി 14,689 സ്‍ക്വയർ മില്ലീമീറ്റർ വിസ്‍തീർണമുള്ള കൂളിംഗ് സിസ്റ്റവും നൽകിയിട്ടുണ്ട്.

ക്യാമറ വിഭാഗത്തിൽ 50 മെഗാപിക്സൽ സോണി LYT-600 പ്രൈമറി സെൻസറാണ് പിൻവശത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് 13 മെഗാപിക്സൽ സെൽഫി ക്യാമറയും ലഭ്യമാണ്. എഐ ക്യാം, പോർട്രെയിറ്റ് മോഡ്, സൂപ്പർ നൈറ്റ് മോഡ്, ടൈം-ലാപ്സ്, ഡ്യുവൽ വീഡിയോ, വ്‌ലോഗ് മോഡ്, സ്ലോ മോഷൻ തുടങ്ങിയ ഫീച്ചറുകൾ ക്യാമറയിൽ ലഭിക്കും. പൊടി, വെള്ളത്തുള്ളികൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്ന IP64 റേറ്റിംഗും സൈനിക നിലവാരത്തിലുള്ള MIL-STD-810H സർട്ടിഫിക്കേഷനും ഫോണിനുണ്ട്. ഫോണിന്റെ പിൻഭാഗത്ത് നൽകിയിരിക്കുന്ന ‘അലൈവ് മാട്രിക്സ് ഡിസ്പ്ലേ’ വിവിധ ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ പ്രദർശിപ്പിക്കാൻ സഹായിക്കും.

8,000mAh ശേഷിയുള്ള ബാറ്ററിയാണ് പോവ 8യുടെ മറ്റൊരു പ്രധാന സവിശേഷത. 45W ഫാസ്റ്റ് ചാർജിംഗിനും ഇത് പിന്തുണ നൽകുന്നു. ഒറ്റ ചാർജിൽ ദീർഘനേരം ഉപയോഗിക്കാൻ കഴിയുമെന്ന് ടെക്നോ അവകാശപ്പെടുന്നു. വലിയ ബാറ്ററിയും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും ശക്തമായ പ്രോസസറും ചേർന്ന പോവ 8, ഗെയിമിംഗ് പ്രേമികളെയും കൂടുതൽ ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്ന ഉപയോക്താക്കളെയും ലക്ഷ്യമിട്ടാണ് വിപണിയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *