ആണവായുധ നയത്തിൽ നിർണ്ണായക മാറ്റവുമായി ഇന്ത്യ: 12 ആണവ പോർമുനകൾ വിന്യസിച്ചതായി റിപ്പോർട്ട്

ന്യൂഡൽഹി: ആണവനയത്തിൽ പ്രധാന മാറ്റം അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യ 12 ആണവ പോർമുനകൾ വിന്യസിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആയുധ ട്രാക്കിങ്ങ് സംഘടനയായ സ്റ്റോക്ക്ഹോ ഇന്‍റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഏറ്റവും പുതിയ റിപ്പോട്ടിലാണ് ഈ വെളിപ്പെടുത്തൽ. 2026 ജനുവരിയോടെ ഇന്ത്യയുടെ ആണവ പോർമുനകൾ 190 ആയി വർദ്ധിച്ചുവെന്നും റിപ്പോട്ടിൽ പറയുന്നു.

ഇന്ത്യയുടെ ആണവ പ്രതിരോധ സംവിധാനങ്ങളെ കൂടുതൽ സജ്ജമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യമേ ഉപയോഗിക്കില്ല എന്ന ഇന്ത്യയുടെ പ്രഖ്യാപിത ആണവനയത്തിൽ മാറ്റമില്ലെങ്കിലും, ആണവ പോർമുനകൾ വിന്യാസ സജ്ജമാക്കുന്നത് പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തമാക്കുന്നു.

അതിർത്തിയിലെ വെല്ലുവിളികളും അയൽരാജ്യങ്ങളുടെ വർധിച്ചുവരുന്ന ആണവ ശേഷിയും കണക്കിലെടുത്ത് ഇന്ത്യ തന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. മിസൈലുകൾക്ക് മുകളിൽ ഘടിപ്പിക്കാൻ പാകത്തിൽ ആണവ പോർമുനകൾ തയ്യാറാക്കി വെക്കുന്നത് ഏതൊരു അടിയന്തര സാഹചര്യത്തിലും തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത വ്യക്തമാക്കുന്നതാണെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.

എങ്കിലും ഇത്തരം റിപ്പോർട്ടുകളോട് ഔദ്യോഗികമായി പ്രതികരിക്കാൻ സർക്കാർ വൃത്തങ്ങൾ തയ്യാറായിട്ടില്ല. പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന ഏറ്റവും കുറഞ്ഞ ആണവ പ്രതിരോധം എന്ന നയത്തിന് അനുസൃതമായാണ് ഇപ്പോഴും കാര്യങ്ങൾ നീങ്ങുന്നതെന്നാണ് സൂചന.

2026ന്‍റെ തുടക്കത്തിൽ യു.എസ്, റഷ്യ, യു.കെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്ഥാൻ, ഉത്തരകൊറിയ. ഇസ്രായേൽ, എന്നീ ഒമ്പത് രാജ്യങ്ങൾ ചേർന്ന് ഏകദേശം 12187 ആണവായുധങ്ങൾ കൈവശം വെച്ചിരുന്നു. നിലവിൽ ലോകത്തിലെ ആണവ വാർഹെഡുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *