ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ പ്രമുഖ താരവും പരിശീലകനുമായ ജസ്പാൽ റാണ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടിയ മനു ഭാക്കറുടെ പരിശീലകനായിരുന്ന ജസ്പാൽ റാണ ഇന്ത്യൻ ജൂനിയർ, സീനിയർ ഷൂട്ടിങ് ടീമുകളുടെ പരിശീലക സംഘത്തിലും നിർണായക പങ്കുവഹിച്ചിരുന്നു. ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമെഡലുകളും 1998ലെ ക്വാലാലംപൂർ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയ അദ്ദേഹം ഇന്ത്യൻ ഷൂട്ടിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളിൽ ഒരാളാണ്.
മ്യൂണിക്കിൽ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് മത്സരത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ജസ്പാലിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ഡൽഹിയിലെ സാകേതിലുള്ള മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അടുത്ത ഘട്ട ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നുമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.
മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നുവെന്ന് സഹോദരൻ സുഭാഷ് റാണ വ്യക്തമാക്കി. തുടക്കത്തിൽ ഇത് സാധാരണ ആരോഗ്യപ്രശ്നമാണെന്നാണ് കരുതിയതെങ്കിലും ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ അസ്വസ്ഥത വീണ്ടും ഉണ്ടായതോടെ അടിയന്തര ചികിത്സ തേടുകയായിരുന്നു.
മനു ഭാക്കറിനൊപ്പം സൗരഭ് ചൗധരി, അനീഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയ പ്രമുഖ താരങ്ങളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ മുഖ്യ പരിശീലകനായി ജസ്പാൽ റാണയെ നിയമിച്ചിരുന്നു. പരിശീലന രംഗത്തെ സംഭാവനകൾക്ക് ദ്രോണാചാര്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1976 ജൂൺ 28ന് ഉത്തരാഖണ്ഡിൽ ജനിച്ച ജസ്പാൽ റാണ 1994ൽ മിലാനിൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡ് പ്രകടനത്തോടെ സ്വർണം നേടിയിരുന്നു. അതേ വർഷം ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ സ്വർണം നേടി രാജ്യത്തിന്റെ ശ്രദ്ധ നേടിയതും അദ്ദേഹമാണ്.
ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലായി നിരവധി മെഡലുകൾ സ്വന്തമാക്കിയ റാണ കോമൺവെൽത്ത് ഗെയിംസിൽ മാത്രം ഒമ്പത് സ്വർണമെഡലുകൾ ഉൾപ്പെടെ 15 മെഡലുകൾ നേടിയിട്ടുണ്ട്.
2006 ദോഹ ഏഷ്യൻ ഗെയിംസിൽ മൂന്ന് സ്വർണമെഡലുകൾ നേടി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് അദ്ദേഹം കാഴ്ചവെച്ചു. 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ ഇനത്തിൽ ലോക റെക്കോർഡിനൊപ്പമുള്ള പ്രകടനവും അന്ന് ശ്രദ്ധേയമായി.
18-ാം വയസ്സിൽ അർജുന അവാർഡ് നേടിയ ജസ്പാൽ റാണ പിന്നീട് പത്മശ്രീ ബഹുമതിയും സ്വന്തമാക്കി. ഉത്തരാഖണ്ഡിലെ ആദ്യ കായികമന്ത്രിയായ നാരായൺ സിങ് റാണയുടെ മകനായ അദ്ദേഹം 12-ാം വയസ്സിലാണ് ഷൂട്ടിങ് പരിശീലനം ആരംഭിച്ചത്. പിന്നീട് രാഷ്ട്രീയരംഗത്തും സജീവമായ അദ്ദേഹം ബിജെപിയിലും കോൺഗ്രസിലും പ്രവർത്തിച്ചിരുന്നു.















Leave a Reply