തെലങ്കാന: കർണാടകയിലെ രണ്ട് സ്ഥലങ്ങളിൽ എടിഎം കവർച്ചയ്ക്ക് ശ്രമം. വിജയനഗരയിലും കൊപ്പളയിലുമുള്ള എസ്ബിഐ എടിഎം കൗണ്ടറുകളെയാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്. പണം കവരാനുള്ള ശ്രമം പരാജയപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാൻ ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്നലെ രാത്രിയായിരുന്നു എടിഎം തകർത്ത് പണം അപഹരിക്കാൻ ശ്രമം നടന്നത്. ആദ്യ സംഭവം വിജയനഗരയിലാണ്. കനകദാസ സർക്കിളിലെ എടിഎമ്മിലെത്തിയത് നാല് അംഗ സംഘമായിരുന്നു. സിസിടിവി ക്യാമറകളിൽ സ്പ്രേ പെയിന്റ് അടിച്ച് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് തടസപ്പെടുത്തുകയായിരുന്നു ഇവർ. എന്നാൽ എടിഎം തുറക്കാൻ ശ്രമിക്കുന്നതിനിടെ സൈറൺ മുഴങ്ങുകയും വിവരം കൺട്രോൾ റൂമിലേക്ക് കൈമാറപ്പെടുകയും ചെയ്തു. ബീറ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പ് മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.
സംഭവത്തിൽ ഹൊസ്പേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, കൊപ്പള നഗരത്തിൽ പുലർച്ചെ മൂന്ന് മുതൽ മൂന്നരയ്ക്കുമിടയിലായിരുന്നു മറ്റൊരു കവർച്ചാ ശ്രമം. ഇവിടെയും എസ്ബിഐയുടെ എടിഎമ്മിനെയാണ് സംഘം ലക്ഷ്യമിട്ടത്. ഹൊസ്പേട്ട് റോഡിലുള്ള എടിഎമ്മിൽ കയറിയ സംഘം കറുത്ത സ്പ്രേ പെയിന്റ് ഉപയോഗിച്ച് സിസിടിവി ക്യാമറകൾ മറച്ചുവെച്ചു. തുടർന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തുറക്കാൻ ശ്രമിക്കുന്നതിനിടെ മെഷീനിൽ തീപിടിച്ചു. ഇതോടെ സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊപ്പള സിറ്റി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് സ്ഥലങ്ങളിലെയും കവർച്ചാ ശ്രമങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോയെന്ന കാര്യം പൊലീസ് പരിശോധിച്ചുവരികയാണ്.










Leave a Reply