വിസ്‍മയയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം വിജയകരം; ‘തുടക്കം’ നേടിയത് 40.1 കോടി

വിസ്‍മയ മോഹൻലാലിന്റെ ആദ്യ ബിഗ് സ്ക്രീൻ ചിത്രമായ ‘തുടക്കം’ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുന്നു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ 40.1 കോടി രൂപ നേടാനായെന്നാണ് കണക്കുകൾ. ആദ്യദിനം മുതൽ തന്നെ ചിത്രത്തിന് പ്രേക്ഷകരിൽനിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ‘2018’ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ‘തുടക്ക’ത്തിനുണ്ട്. യു/എ 16 പ്ലസ് സർട്ടിഫിക്കറ്റുള്ള ചിത്രത്തിന് 2 മണിക്കൂർ 19 മിനിറ്റാണ് ദൈർഘ്യം.

വിസ്‍മയയ്‌ക്കൊപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവംബർ 17ന് കുട്ടിക്കാനത്താണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഒക്ടോബർ 30ന് കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച്. ഒരു ചെറിയ കുടുംബകഥയായാണ് സിനിമയെ സംവിധായകൻ അന്ന് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ റിലീസിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണങ്ങൾ ചിത്രം അതിനപ്പുറമുള്ള അനുഭവമാണ് നൽകുന്നതെന്ന സൂചനയാണ് നൽകുന്നത്.

ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ചപ്പോൾ ജോമോൻ ടി. ജോൺ ഛായാഗ്രഹണം കൈകാര്യം ചെയ്തു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്.

സന്തോഷ് രാമനാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചത്. ജിതേഷ് പൊയ്യ മേക്കപ്പും അരുൺ മനോഹർ വസ്ത്രാലങ്കാരവും നിർവഹിച്ചു. സൈലക്സ് ഏബ്രഹാം ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. മനോഹരൻ കെ. പയ്യന്നൂർ ഫിനാൻസ് കൺട്രോളറായും വിനോദ് ശേഖർ, ശ്രീക്കുട്ടൻ എന്നിവർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരുമായും പ്രവർത്തിച്ചു. ബിജു തോമസാണ് പ്രൊഡക്ഷൻ കൺട്രോളർ.

Leave a Reply

Your email address will not be published. Required fields are marked *