‘പ്രേമലു’ സംവിധായകന്റെ പുതിയ ചിത്രം; നിവിൻ-മമിത ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബുക്കിങ് തുടങ്ങി

ഓണം ആഘോഷങ്ങൾക്ക് തിയേറ്ററുകളിൽ ചിരിയുടെ നിറം പകരാൻ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എത്തുന്നു. നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 21നാണ് സിനിമയുടെ ആഗോള തിയേറ്റർ റിലീസ്. റൊമാന്റിക് കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിനും നേരത്തെ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’, ‘പ്രേമലു’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗിരീഷ് എ ഡി ഒരുക്കുന്ന പുതിയ സിനിമയെന്ന പ്രത്യേകതയും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’നുണ്ട്. ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘പ്രേമലു’വിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന സിനിമ എന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകളേറെയാണ്.

ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീത പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരുൾപ്പെടുന്ന താരനിരയും ചിത്രത്തിലുണ്ട്.

ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദരാബാദ്, കുട്ടിക്കാനം എന്നിവിടങ്ങളിലായി നൂറിലേറെ ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. അജ്മൽ സാബുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിഷ്ണു വിജയ് സംഗീതവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. വിനായക് ശശികുമാറാണ് ഗാനങ്ങൾ ഒരുക്കുന്നത്.

ധന്യ ബാലകൃഷ്ണൻ കോസ്റ്റ്യൂമും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ആക്ഷൻ സന്തോഷാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ആഷിക് എസ് ആണ് കലാസംവിധായകൻ. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരിൽ ബെന്നി കട്ടപ്പന, ജോസ് വിജയ്, റിച്ചാർഡ്, ഫിലിപ്പ് ഫ്രാൻസിസ്, വിഷ്ണു സുജാതൻ, ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ എന്നിവരും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *