ഓസ്ലോ: ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നോർവെ കിരീടാവകാശിയുടെ ഭാര്യയുടെ മകനായ മാരിയസ് ബോർഗ് ഹോയ്ബിക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ഓസ്ലോ ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്.
2018 മുതൽ 2024 വരെയുള്ള കാലയളവിൽ നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തെന്ന പരാതിയുൾപ്പെടെ നിരവധി കുറ്റങ്ങളാണ് 29കാരനായ ഹോയ്ബിക്കെതിരെ ചുമത്തപ്പെട്ടിരുന്നത്. ബലാത്സംഗം, ആക്രമണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവ ഉൾപ്പെടെ 40ഓളം കുറ്റങ്ങൾ കേസിലുണ്ടായിരുന്നു.
നാല് ബലാത്സംഗ ആരോപണങ്ങളും ഹോയ്ബി നിഷേധിച്ചിരുന്നുവെങ്കിലും, അവയിൽ രണ്ടെണ്ണത്തിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വീഡിയോ ലിങ്ക് വഴിയാണ് ഹോയ്ബി കോടതി നടപടികളിൽ പങ്കെടുത്തത്. ഏഴ് വർഷം തടവ് ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ശിക്ഷ 18 മാസമായി കുറയ്ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
അവസാനം നാല് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഹോയ്ബിയുടെ അമ്മയും നോർവെ കിരീടാവകാശിയുടെ ഭാര്യയുമായ മെയ്റ്റ് മാരിറ്റ് നിലവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ജയിൽശിക്ഷയിൽ ഇളവ് നൽകണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
രാജകുടുംബത്തിൽ വളർന്നെങ്കിലും മാരിയസ് ബോർഗ് ഹോയ്ബിക്ക് ഔദ്യോഗിക രാജകീയ പദവികളൊന്നുമില്ല.






Leave a Reply