വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. യു.എഫ്.സി ഉൾപ്പെടെയുള്ള കായിക പരിപാടികളാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണം. വൈറ്റ് ഹൗസ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ താൽക്കാലിക അരീനയിലാണ് മത്സരങ്ങൾ നടക്കുന്നത്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിക്ക് “UFC Freedom 250” എന്നാണ് പേര് നൽകിയിരിക്കുന്നത്. വൈറ്റ് ഹൗസിന്റെ പുൽത്തകിടിയിൽ എട്ട് വശങ്ങളുള്ള ഒക്ടഗൺ അരീന നിർമിച്ചിട്ടുണ്ടെന്നും അതിൽ ഏഴ് മിക്സഡ് മാർഷ്യൽ ആർട്സ് മത്സരങ്ങൾ അരങ്ങേറുന്നുവെന്നും അധികൃതർ അറിയിച്ചു.
എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ നേതാക്കളും വിദേശ അതിഥികളും ചടങ്ങിൽ പങ്കെടുത്തു. പോളണ്ട് പ്രസിഡന്റ് കരോൾ നാവ്റോസ്കിയും അതിഥികളിൽ ഉൾപ്പെട്ടു.
ഇറാൻ യുദ്ധവും അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധികളും രാജ്യത്ത് ചർച്ചയാകുന്ന സാഹചര്യത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. ഇതിനെതിരെ രാഷ്ട്രീയ വിമർശനങ്ങളും ശക്തമായിട്ടുണ്ട്. യു.എഫ്.സി ലൈറ്റ്വെയ്റ്റ് ചാമ്പ്യൻ ഇലിയ ടോപുരിയയും മുൻ താൽക്കാലിക ചാമ്പ്യൻ ജസ്റ്റിൻ ഗെയ്ഷിയും തമ്മിലുള്ള പോരാട്ടമാണ് പ്രധാന മത്സരം.
പരിപാടിക്കായി ഒരുക്കിയ 92 അടി ഉയരമുള്ള താൽക്കാലിക സ്റ്റേഡിയത്തിൽ ഏകദേശം 4,000 പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടില്ല. പ്രത്യേക ക്ഷണിതാക്കൾക്കും വി.വി.ഐ.പികൾക്കുമാണ് പ്രവേശനം നൽകിയിരിക്കുന്നത്. കാണികളിൽ ഗണ്യമായൊരു വിഭാഗം സൈനികരായിരിക്കുമെന്നും ഭരണകൂടം അറിയിച്ചു.
ഫെഡറൽ ഭൂമിയിൽ സ്വകാര്യ കമ്പനിയുടെ പരിപാടി നടത്താൻ പ്രസിഡന്റ് പ്രത്യേക അധികാരം ഉപയോഗിച്ചതിനെതിരെ നിയമപരമായ വെല്ലുവിളികൾ ഉയർന്നിരുന്നെങ്കിലും പരിപാടി തടയണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. അതേസമയം, പരിപാടിയെ അനുകൂലിക്കുന്നവരുടെ എണ്ണം കുറഞ്ഞതാണെന്ന് വിവിധ സർവേകൾ സൂചിപ്പിക്കുന്നു.
യു.എഫ്.സി മേധാവി ഡാന വൈറ്റുമായുള്ള ട്രംപിന്റെ അടുത്ത ബന്ധവും പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പ്രതിപക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. എന്നാൽ താൽപര്യ വൈരുദ്ധ്യമില്ലെന്നും ബിസിനസ് കാര്യങ്ങൾ ട്രംപ് കുടുംബമാണ് കൈകാര്യം ചെയ്യുന്നതെന്നും വൈറ്റ് ഹൗസ് വിശദീകരിച്ചു.
ഓവൽ ഓഫീസിൽ നിന്ന് റോസ് ഗാർഡൻ വഴിയുള്ള പ്രത്യേക പ്രവേശന പാതയിലൂടെ മത്സരാർത്ഥികൾ അരീനയിലേക്ക് എത്തുന്ന രീതിയിലാണ് ക്രമീകരണം. രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചതിനെ കുറിച്ച് അനുകൂലവും പ്രതികൂലവുമായി വ്യാപകമായ ചർച്ചകൾ തുടരുകയാണ്.






Leave a Reply