ന്യൂജഴ്‌സി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് വേണ്ടി നെയ്മർ കളിക്കില്ല. മൊറോക്കോയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരത്തിൽ താരം കളത്തിലിറങ്ങില്ലെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്തതിനാൽ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റ് മത്സരങ്ങളും നെയ്മർക്ക് നഷ്ടമാകാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച പുലർച്ചെ 3.30നാണ് മത്സരം നടക്കുക.
ലോക ഫുട്ബോളിലെ ഏറ്റവും സമ്പന്നമായ താരനിരകളിലൊന്നാണ് ബ്രസീലിനുള്ളത്. വിവിധ കാലഘട്ടങ്ങളിൽ എല്ലാ പൊസിഷനുകളിലും ലോകോത്തര താരങ്ങളെ അണിനിരത്താൻ കാനറികൾക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലും ടീമിന്റെ പ്രധാന പ്രതീക്ഷ നെയ്മറിലായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ അഭാവത്തിൽ ബ്രസീൽ എങ്ങനെ പ്രകടനം നടത്തുമെന്നത് ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
2014 ലോകകപ്പിൽ കൊളംബിയയ്‌ക്കെതിരായ മത്സരത്തിനിടെ നെയ്മർക്ക് പരിക്കേറ്റത് ബ്രസീലിന് വലിയ തിരിച്ചടിയായിരുന്നു. സെമിഫൈനലിൽ ജർമനിക്കെതിരെ ഏറ്റുവാങ്ങിയ കനത്ത തോൽവിയും ആ ടൂർണമെന്റിന്റെ വേദനാജനക ഓർമയായി. 2018ൽ ബെൽജിയത്തോടും 2022ൽ ക്രൊയേഷ്യയോടും ക്വാർട്ടർ ഫൈനലിൽ പുറത്തായതും ബ്രസീൽ ആരാധകരെ നിരാശരാക്കിയിരുന്നു.
ഇത്തവണ ലോകകപ്പ് ടീമിൽ നെയ്മർ ഇടംപിടിച്ചതോടെ ആരാധകർക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഉണ്ടായ പരിക്ക് വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം, പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ തന്ത്രങ്ങളിലാണ് ബ്രസീലിന്റെ പ്രധാന പ്രതീക്ഷ. മുന്നേറ്റനിരയിൽ റാഫിഞ്ഞ, വിനീഷ്യസ് ജൂനിയർ, മാത്യൂസ് കുന്യ എന്നിവർ മികച്ച ഫോമിലാണ്. ഇഗോർ തിയാഗോയും യുവതാരം എൻഡ്രിക്കും ടീമിന്റെ കരുത്താണ്. മധ്യനിരയിൽ കസെമിറോ, ബ്രൂണോ ഗുയിമറൈസ്, ലൂക്കസ് പക്വേറ്റ എന്നിവർ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷ. പ്രതിരോധനിരയിൽ മാർക്വിനോസും ഗബ്രിയേലും സ്ഥിരത പുലർത്തേണ്ടതുണ്ട്.
മറുവശത്ത് മികച്ച ഫോമിലാണ് മൊറോക്കോ. ടൂർണമെന്റിലെ കറുത്ത കുതിരകളിലൊന്നായി വിലയിരുത്തപ്പെടുന്ന ടീം, കൂട്ടായ പ്രകടനത്തിലൂടെയാണ് മുന്നേറ്റം ലക്ഷ്യമിടുന്നത്. ക്യാപ്റ്റനും ഫുൾബാക്കുമായ അഷ്റഫ് ഹക്കിമിയും മുന്നേറ്റനിരയിലെ ബ്രാഹിം ഡിയാസും ടീമിന്റെ പ്രധാന താരങ്ങളാണ്.
ബ്രസീലും മൊറോക്കോയും തമ്മിലുള്ള മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. 2002 ലോകകപ്പിൽ ബ്രസീൽ വിജയിച്ചപ്പോൾ, മൂന്ന് വർഷം മുൻപ് നടന്ന സൗഹൃദ മത്സരത്തിൽ മൊറോക്കോ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. അതിനാൽ തന്നെ ഇത്തവണയും കടുത്ത പോരാട്ടമാണ് ഫുട്ബോൾ പ്രേമികൾ പ്രതീക്ഷിക്കുന്നത്.















Leave a Reply