ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. പരിക്കിൽ നിന്ന് പൂർണമായി മോചിതനായെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുമ്പ് തന്നെ മുൻനിര ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് പുറത്തായി. തുടയിലെ പേശിക്കേറ്റ പുതിയ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ജൂൺ 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഹാർദിക് കളിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന ഫിറ്റ്‌നസ് ടെസ്റ്റിൽ ഹാർദിക്കും രോഹിത് ശർമയും യോഗ്യത നേടിയതായി കഴിഞ്ഞ ചൊവ്വാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ഫിറ്റ്‌നസ് തെളിയിക്കുന്നതിനായി കഴിഞ്ഞ ദിവസം താരം നെറ്റ്സിൽ 10 ഓവർ വരെ പന്തെറിഞ്ഞിരുന്നു. ജൂൺ 11ന് ധരംശാലയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാനിരിക്കെയാണ് ഹാർദിക്കിന് വീണ്ടും അപ്രതീക്ഷിതമായി പരിക്കേറ്റത്.

പരിക്കിനെ തുടർന്ന് കഴിഞ്ഞ ഐ.പി.എൽ സീസണിലെ നിരവധി മത്സരങ്ങൾ മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക്കിന് നഷ്ടമായിരുന്നു. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കാണ് പുതിയ പരിക്ക് തിരിച്ചടിയായത്. പരിക്ക് കാരണം വിരാട് കോലിയും പരമ്പരയിൽ നിന്ന് പുറത്തായിരുന്നു. ഹാർദിക്കിന്റെ അഭാവം തിരിച്ചടിയായെങ്കിലും, പരിക്കിന്റെ ആശങ്കയിലായിരുന്ന മുൻ ക്യാപ്റ്റൻ രോഹിത് ശർമ ഫിറ്റ്‌നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ടീമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യൻ ക്യാമ്പിന് ആശ്വാസമായി.

ജൂൺ 13ന് ധരംശാലയിലാണ് അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരം. തുടർന്ന് ജൂൺ 17ന് ലഖ്നൗവിലും ജൂൺ 20ന് ചെന്നൈയിലുമായി ശേഷിക്കുന്ന മത്സരങ്ങൾ നടക്കും. വ്യാഴാഴ്ച ധരംശാലയിലേക്ക് തിരിക്കുന്നതിന് മുമ്പ് മൊഹാലിയിലെ ഐ.എസ്. ബിന്ദ്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന് ഓപ്ഷണൽ പരിശീലന സെഷനും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *