പത്തനംതിട്ട: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച ‘നിർമലം ശബരിമല’ മെഗാ ക്ലീനിങ് ഡ്രൈവ് വിജയകരമായി പൂർത്തിയായി. ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ എ. നിസാമുദീൻ നിർവഹിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് ഈ ബൃഹത്തായ പദ്ധതിക്ക് രൂപം നൽകിയത്.
തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാതകൾ ഉൾപ്പെടുന്ന വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി തടയുന്നതിന്റെ ഭാഗമായി, പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും പൂർണ്ണ സഹകരണത്തോടെയാണ് ശുചീകരണം നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നായി ആകെ മൂന്നര ടൺ മാലിന്യമാണ് ശേഖരിച്ചത്. ഈ മാലിന്യങ്ങളെല്ലാം കൃത്യമായി തരംതിരിച്ച് എം.സി.എഫിലേക്ക് (മറ്റുവസ്തുക്കൾ ശേഖരിക്കുന്ന കേന്ദ്രം) മാറ്റിയതായി അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ബ്ലോക്ക് പഞ്ചായത്തുതല ഉദ്ഘാടനം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ വെച്ച് ശബരിമല എ.ഡി.എം ദിലീപ് കെ. കൈനകരി നിർവഹിച്ചു. ശുചീകരണ യജ്ഞത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള വലിയ പങ്കാളിത്തമാണ് ഉണ്ടായത്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, എൻ.സി.സി വിദ്യാർത്ഥികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യജ്ഞത്തിൽ സജീവമായി പങ്കാളികളായി.







Leave a Reply