കൊച്ചി: അടൂരിലെ കോൺഗ്രസിന്റെ കുറുവാ സംഘത്തെ നേരിടാൻ സി.പി.എമ്മിന് പ്രത്യേക വിദ്യകളുണ്ടെന്ന സി.പി.എം നേതാവ് പി. ജയരാജന്റെ പ്രസ്താവനയ്ക്ക് എതിരെ കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ രംഗത്ത്. പാടവരമ്പിൽ വിചാരണ നടത്തി യുവാക്കളെ വെട്ടിക്കൊല്ലുകയെന്നതാണ് പി. ജയരാജന്റെ പഴയ വിദ്യയെന്നും, അതേ രീതിയുമായി വീണ്ടും ഇറങ്ങിയാൽ ചെറുപ്പക്കാരുടെ പ്രഹരമേറ്റു വാവിട്ടു കരയേണ്ടി വരുമെന്നും ജിന്റോ ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായി പ്രതികരിച്ചു.
കണ്ണൂർ തളിപ്പറമ്പിലെ എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂറിനെ വയലിൽ വെച്ച് വിചാരണ നടത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പി. ജയരാജനെന്ന് ജിന്റോ ജോൺ തന്റെ കുറിപ്പിൽ ഓർമ്മിപ്പിച്ചു. കൂടാതെ, ആ കൊലപാതക കേസിൽ നിയമനടപടികളിൽ നിന്നും ജയിൽവാസത്തിൽ നിന്നും രക്ഷപ്പെടാൻ അന്നേദിവസം കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ബോധരഹിതനായി ആംബുലൻസിൽ നടത്തിയ നാടകീയ യാത്രയും അദ്ദേഹം പരിഹസിച്ചു.
ഇത്തരം പഴയ കൊലപാതക രാഷ്ട്രീയ തന്ത്രങ്ങളുമായി ഇനിയും രംഗത്തിറങ്ങിയാൽ കാര്യങ്ങൾ പന്തിയല്ലെന്ന് ജിന്റോ ജോൺ മുന്നറിയിപ്പ് നൽകി. ‘ഈ വയ്യാത്ത കാലത്ത് വല്ല കാരണഭൂതൻ തിരുവാതിരയോ വ്യക്തിപൂജയോ ഒക്കെയായി കഴിയുന്നതാണ് നല്ലത്. പണ്ടത്തെ പോലെയല്ല ചുറ്റും സിസിടിവി കാമറയുണ്ട്. കണ്ണൂരിലെ കുറുവ സംഘം കേരളം കൊള്ളയടിച്ചത് കൈയ്യോടെ പൊക്കിയപ്പോൾ ഭരണം പോയേ ഉള്ളൂ. കൊലയാളികളുടെ വിദ്യയുമായി ഇനിയും ഇറങ്ങിയാൽ പിന്നെ യമരാജന്റെ വിദ്യാഭ്യാസ വകുപ്പിന് തന്നെ ചിലപ്പോൾ പിള്ളേര് ബന്ദ് പ്രഖ്യാപിക്കും…’ എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ എഴുതി.
അതേസമയം, അടൂർ പോലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായി മാറിയെന്നും കോൺഗ്രസിന്റെ കുറുവാ സംഘത്തെ അടിച്ചോടിക്കേണ്ട പോലീസ് നോക്കിനിന്നുവെന്നുമായിരുന്നു പി. ജയരാജൻ കഴിഞ്ഞദിവസം ആരോപിച്ചിരുന്നത്. അടൂരിൽ കസ്റ്റഡിയിലുള്ള കുറ്റാരോപിതനെതിരെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആക്രമണം അഴിച്ചുവിട്ടെന്നും, ജില്ലാ പഞ്ചായത്ത് അംഗം സ്റ്റേഷനിലെത്തി പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജയരാജൻ കുറ്റപ്പെടുത്തിയിരുന്നു. അടൂരിലെ ക്രമസമാധാന തകർച്ചയ്ക്ക് പൂർണ്ണ ഉത്തരവാദി പോലീസായിരിക്കുമെന്നും, ഇതിന് പിന്നിൽ മുൻ എം.എൽ.എയുടെ ഇടപെടലുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ വിവാദ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് കോൺഗ്രസ് നേതാവ് ജിന്റോ ജോണിന്റെ കടുത്ത പ്രതികരണം പുറത്തുവന്നിരിക്കുന്നത്.







Leave a Reply