അടിമാലി: പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിൽ കാണാതായ വൈദ്യുതി വകുപ്പ് താൽക്കാലിക ജീവനക്കാരൻ ജെയ്സൺ സെബാസ്റ്റ്യന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനുള്ള നടപടികളുമായി റവന്യൂ വകുപ്പ് രംഗത്ത്. നീണ്ട 19 വർഷത്തെ തെരച്ചിലിനൊടുവിലും ജെയ്സണെ കണ്ടെത്താനാകാതെ വന്ന പശ്ചാത്തലത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നിർണായക നീക്കം.
2007 സെപ്റ്റംബർ 17-നായിരുന്നു നാടിനെ നടുക്കിയ പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം സംഭവിച്ചത്. ഇടുക്കി സ്വദേശിയായ ജെയ്സൺ സെബാസ്റ്റ്യനെ ഈ അപകടത്തിലാണ് കാണാതായത്. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ ഇന്നുവരെ കണ്ടുകിട്ടിയിരുന്നില്ല. അന്നത്തെ ദുരന്തത്തിൽ ആകെ എട്ട് വൈദ്യുതി വകുപ്പ് ജീവനക്കാരാണ് ജീവൻ വെടിഞ്ഞത്. അപകടത്തിന് പിന്നാലെ പന്നിയാർ പുഴയിലും കല്ലാർകുട്ടി അണക്കെട്ടിലും രണ്ടാഴ്ചയോളം നീണ്ട തെരച്ചിൽ നടത്തിയെങ്കിലും ജെയ്സണെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ജെയ്സൺ സെബാസ്റ്റ്യൻ മരണപ്പെട്ടതായി കണക്കാക്കി മരണം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം 30 ദിവസത്തിനകം രേഖാമൂലം ഇടുക്കി സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് മുമ്പാകെ പരാതി ബോധിപ്പിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ ആക്ഷേപങ്ങൾ ഒന്നും ലഭിക്കാത്ത പക്ഷം മരണം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി നൽകുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വൈദ്യുതി വകുപ്പിലെ താൽക്കാലിക ജീവനക്കാരനായിരുന്നെങ്കിലും ജെയ്സൺ അർഹമായ നഷ്ടപരിഹാരത്തിന് അർഹനായിരുന്നു. എന്നാൽ അദ്ദേഹം കാണാതായതു കാരണം യാതൊരുവിധ അനുകൂല്യങ്ങളും കുടുംബത്തിന് ലഭിച്ചിരുന്നില്ല. ഈ ആനുകൂല്യങ്ങളും അർഹതപ്പെട്ട സഹായങ്ങളും തേടി കഴിഞ്ഞ 17 വർഷമായി കുടുംബം കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഒടുവിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജെയ്സന്റെ കുടുംബം.







Leave a Reply