സംസ്ഥാനത്ത് പെട്രോളിലെ എഥനോൾ സാന്നിധ്യം പരിശോധിക്കാൻ സ്ക്വാഡുകൾ രംഗത്തിറങ്ങുന്നു

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയമായതിൽ കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക സ്ക്വാഡുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ജീവനക്കാരുടെ പരിമിതിമൂലം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ നാല് ജില്ലകളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ പരിശോധന നടപ്പിലാക്കുന്നത്. അയൽ സംസ്ഥാനമായ കർണാടകയിലെ പെട്രോളിൽ 31 ശതമാനം വരെ എഥനോൾ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിലും സമാനമായ അടിയന്തര പരിശോധനകൾക്ക് കളമൊരുങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഓൺലൈൻ പരിശീലനങ്ങളും ഇതിനകം നൽകിക്കഴിഞ്ഞു.

പരിശോധനയുടെ ഭാഗമായി പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം എത്തിക്കുന്ന ടാങ്കറുകളിൽ നിന്നും ഒരേസമയം സാമ്പിളുകൾ ശേഖരിക്കും. ഓരോ കേന്ദ്രത്തിൽ നിന്നും ആറ് കുപ്പികളിലായാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ഇതിൽ രണ്ട് കുപ്പികൾ സീൽ ചെയ്ത് പമ്പുകളിൽ തന്നെ സൂക്ഷിക്കും. മറ്റ് രണ്ട് സാമ്പിളുകൾ പരിശോധനയ്ക്കായി അംഗീകൃത ലാബുകളിലേക്ക് അയക്കും. ശേഷിക്കുന്ന രണ്ട് എണ്ണം വകുപ്പിന്റെ സൂക്ഷിപ്പിലുമായിരിക്കും. എന്നാൽ, സാമ്പിളുകൾ ശേഖരിക്കാൻ ഉപയോഗിക്കുന്ന പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) സർട്ടിഫൈഡ് കുപ്പികളുടെ ലഭ്യതക്കുറവ് വെല്ലുവിളിയായിട്ടുണ്ട്. നിലവിൽ ഈ കുപ്പികളുടെ ദൗർലഭ്യം മൂലം പകരം ചില്ലുകുപ്പികൾ ഉപയോഗിക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം. പെസോ സർട്ടിഫൈഡ് കുപ്പികളുടെ നിർമാണവും വിതരണവും എണ്ണക്കമ്പനികളുടെ ഉത്തരവാദിത്തമാണ്. അതിനാൽ കൂടുതൽ കുപ്പികൾ അടിയന്തരമായി എത്തിക്കണമെന്ന് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *