അബുദാബി: രാജ്യത്തിന്റെ വ്യോമാതിർത്തി സുരക്ഷിതമാണെന്നും ഏത് ഭീഷണിയെയും നേരിടാൻ സേന പൂർണ സജ്ജമാണെന്നും വ്യക്തമാക്കി യുഎഇ. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഓഗസ്റ്റ് 18ന് ഉണ്ടായ ബാലിസ്റ്റിക് മിസൈൽ ഭീഷണിക്ക് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വെല്ലുവിളിയാകുന്ന ഏത് നീക്കത്തെയും ശക്തമായ നിശ്ചയദാർഢ്യത്തോടെ നേരിടുമെന്ന് മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പ്രവർത്തനവും സുരക്ഷാ സന്നാഹങ്ങളും വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ചൊവ്വാഴ്ച വൈകിട്ട് 6.52ഓടെയാണ് മിസൈൽ ഭീഷണിയെ തുടർന്ന് യുഎഇ നിവാസികൾക്ക് മൊബൈൽ ഫോണുകളിൽ അടിയന്തര ജാഗ്രതാ സന്ദേശം ലഭിച്ചത്. സമീപത്തെ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണമെന്നായിരുന്നു നിർദേശം. ജൂലൈ 12ന് ശേഷമുള്ള ഇത്തരത്തിലുള്ള ആദ്യ മുന്നറിയിപ്പായതിനാൽ ജനങ്ങൾ ജാഗ്രത പാലിച്ചു.
ഇറാനിൽ നിന്ന് തൊടുത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് രാജ്യത്തിന് നേരെ എത്തിയതെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ഒന്ന് യുഎഇയുടെ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് സമുദ്രാതിർത്തിക്കുള്ളിലുമാണ് പതിച്ചത്. സംഭവത്തിന് പിന്നാലെ വ്യോമാതിർത്തിയുടെ സുരക്ഷ ഉറപ്പാക്കിയതായും നിലവിലെ സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.





Leave a Reply