തൊഴിലില്ലായ്മ 5.6 ശതമാനമായി കുറഞ്ഞു; ബഹ്റൈൻ തൊഴിൽ വിപണിയിൽ ഉണർവ്

മനാമ: ബഹ്റൈനിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ. 2024ൽ 6.2 ശതമാനമായിരുന്ന നിരക്ക് 2025ൽ 5.6 ശതമാനമായി കുറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷമുള്ള തൊഴിൽ വിപണിയുടെ തിരിച്ചുവരവിന്റെ സൂചനയായാണ് ഈ മാറ്റം വിലയിരുത്തുന്നത്.

യുവാക്കളുടെ തൊഴിൽ പങ്കാളിത്തത്തിലും ശ്രദ്ധേയമായ പുരോഗതിയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. 25 മുതൽ 29 വയസ്സ് വരെയുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 2024ലെ 18.55 ശതമാനത്തിൽ നിന്ന് 2025ൽ 10.82 ശതമാനമായി കുറഞ്ഞു. 15 മുതൽ 19 വയസ്സ് വരെയുള്ള വിഭാഗത്തിലും നിരക്ക് 41.90 ശതമാനത്തിൽ നിന്ന് 24.51 ശതമാനമായി താഴ്ന്നു.

സ്ത്രീകളിലെ തൊഴിലില്ലായ്മയും കുറഞ്ഞിട്ടുണ്ട്. 2024ൽ 10.03 ശതമാനമായിരുന്ന സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷം 8.86 ശതമാനമായി. പുരുഷന്മാരിൽ ഇത് 3.23 ശതമാനത്തിൽ നിന്ന് 2.7 ശതമാനമായും കുറഞ്ഞു.

രാജ്യത്തെ തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ രജിസ്റ്റർ ചെയ്ത ബഹ്റൈനി ഉദ്യോഗാർത്ഥിക്കും മൂന്ന് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഡിസംബർ 31 വരെ 18,657 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ദേശീയ തൊഴിൽ പ്ലാറ്റ്‌ഫോം വഴി 4,746 പേർക്ക് ജോലി ലഭിക്കുകയും ചെയ്തു.

കോവിഡിന് ശേഷം സാമ്പത്തിക പ്രവർത്തനങ്ങളിലുണ്ടായ പുരോഗതിയും സർക്കാർ നടപ്പാക്കിയ തൊഴിൽ പദ്ധതികളുമാണ് തൊഴിലില്ലായ്മ കുറയാൻ പ്രധാനമായും സഹായിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം, ബിരുദധാരികളായ സ്ത്രീകൾക്കിടയിൽ തൊഴിലില്ലായ്മ ഉയർന്ന നിലയിൽ തുടരുന്നത് ഇപ്പോഴും ശ്രദ്ധിക്കേണ്ട വിഷയമായി തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *