ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ‘സേഫ് ഹാർബർ’ പരിരക്ഷ മെറ്റയ്ക്ക് നഷ്ടപ്പെടാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉള്ളടക്ക നിയന്ത്രണം, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഉള്ളടക്കം, ഡീപ്ഫേക്കുകൾ തുടങ്ങിയ വിഷയങ്ങളിൽ കമ്പനിയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
സി.എസ്.എ.എം ഉൾപ്പെടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ തിരിച്ചറിഞ്ഞ് നീക്കം ചെയ്യുന്നതിനായി മെറ്റ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. എന്നാൽ നിയമപരമായ ബാധ്യതകൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ പ്ലാറ്റ്ഫോമിന് നിയമപരിരക്ഷ ലഭിക്കില്ലെന്ന കാര്യത്തിൽ വ്യക്തമായ സന്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ അനാവശ്യമായി നിയന്ത്രിക്കുകയോ നിയമാനുസൃതമായ അഭിപ്രായപ്രകടനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയോ അല്ല സർക്കാരിന്റെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രാജ്യത്തെ നിയമങ്ങളും ബാധകമായ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയിലെ ഭാഷാ വൈവിധ്യവും പ്രാദേശിക സാംസ്കാരിക സാഹചര്യങ്ങളും ഉള്ളടക്ക നിയന്ത്രണത്തിൽ കണക്കിലെടുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആഗോള മാനദണ്ഡങ്ങൾ മാത്രം ഉപയോഗിച്ച് ഉള്ളടക്കം വിലയിരുത്തുന്നതിന് പകരം ഇന്ത്യൻ ഭാഷകളും പ്രാദേശിക സാഹചര്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന മോഡറേഷൻ സംവിധാനങ്ങൾ വേണമെന്നാണ് സർക്കാരിന്റെ നിലപാട്.
എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ഡീപ്ഫേക്കുകളും മറ്റ് സിന്തറ്റിക് ഉള്ളടക്കങ്ങളും ചർച്ചയിൽ പ്രധാന വിഷയമായി. ഉപയോക്താക്കൾക്ക് ഒരു ഉള്ളടക്കം യഥാർഥമാണോ എ.ഐ സൃഷ്ടിയാണോ എന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ വ്യക്തമായ ലേബലിങ് സംവിധാനം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇത്തരം വിവരങ്ങൾ ഉപയോക്താക്കളുടെ അറിയാനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
മെറ്റയുടെ റിക്കമൻഡേഷൻ, വൈറാലിറ്റി സംവിധാനങ്ങളെക്കുറിച്ചും സർക്കാർ വിശദീകരണം തേടി. നിയമവിരുദ്ധമോ ഹാനികരമോ എന്ന് തിരിച്ചറിഞ്ഞ ഉള്ളടക്കം പിന്നീട് വീണ്ടും ഉപയോക്താക്കൾക്ക് ശുപാർശ ചെയ്യപ്പെടുന്നുണ്ടോ എന്നതും പരിശോധിച്ചു. അത്തരം ഉള്ളടക്കത്തിന്റെ വ്യാപനം തടയാൻ സ്വീകരിച്ച സുരക്ഷാ നടപടികളുടെ വിശദാംശങ്ങളും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാട്സ്ആപ്പിലെ യൂസർനെയിം സംവിധാനവുമായി ബന്ധപ്പെട്ട വിഷയവും കേന്ദ്രം പരിശോധിക്കുന്നുണ്ട്. ഇത് മെറ്റയിൽ മാത്രം ഒതുക്കാതെ മറ്റ് മെസേജിങ് പ്ലാറ്റ്ഫോമുകളെയും ഉൾപ്പെടുത്തി പരിഗണിക്കാനാണ് സർക്കാർ നീക്കം. മെറ്റയുടെ ഇന്ത്യൻ നിയമപാലനം, മോഡറേഷൻ നയങ്ങൾ, ഉപയോക്തൃ സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ചർച്ചകളിൽ ഉൾപ്പെട്ടു.
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 79 പ്രകാരം നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്ന ഇടനിലക്കാർക്ക് മൂന്നാം കക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പരിരക്ഷ ലഭിക്കും. എന്നാൽ ഈ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വന്നാൽ പരിരക്ഷ ബാധകമാകില്ലെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സി.എസ്.എ.എം, ഡീപ്ഫേക്ക്, ബോട്ടുകൾ, സിന്തറ്റിക് ഉള്ളടക്കം, റിക്കമൻഡേഷൻ അൽഗോരിതങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മെറ്റയുടെ ആഗോള സംഘവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും തമ്മിൽ ചർച്ചകൾ തുടരുകയാണ്. പ്ലാറ്റ്ഫോമിന്റെ അൽഗോരിതങ്ങളിൽ സമഗ്രമായ മാറ്റം വരുത്തുക എന്നതല്ല ലക്ഷ്യമെന്നും, ഇന്ത്യൻ നിയമങ്ങൾക്കും രാജ്യത്തിന്റെ ഭാഷാ-സാംസ്കാരിക സാഹചര്യങ്ങൾക്കും അനുസൃതമായി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഉദ്ദേശ്യമെന്നും കേന്ദ്രം വ്യക്തമാക്കി.





Leave a Reply