തമിഴ്നാട്ടിൽ വൻകിട നിർമാണ പദ്ധതികൾക്കായി പുതിയ പൊതുമേഖലാ സ്ഥാപനം രൂപീകരിച്ചു

ചെന്നൈ: സംസ്ഥാനത്തെ വൻകിട അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കുന്നതിനും ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമിയിലൂടെ വരുമാനം കണ്ടെത്തുന്നതിനുമായി തമിഴ്നാട് സർക്കാർ പുതിയ പൊതുമേഖലാ സ്ഥാപനത്തിന് രൂപം നൽകി. തമിഴ്നാട് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ (TNICC) എന്ന പേരിലാണ് പുതിയ സ്ഥാപനം നിലവിൽ വന്നിട്ടുള്ളത്. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ പുതിയ പൊതുമേഖലാ സ്ഥാപനം.

റിപ്പോർട്ടുകൾ പ്രകാരം, 200 കോടി രൂപയിൽ അധികം ചെലവ് വരുന്ന സർക്കാർ നിർമാണ പദ്ധതികളാണ് ഈ കോർപറേഷൻ ഏറ്റെടുക്കുന്നത്. സംസ്ഥാനത്തെ വലിയ പദ്ധതികളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ വകുപ്പുകൾക്കുവേണ്ടി 200 കോടി രൂപക്ക് മുകളിൽ ചെലവ് വരുന്ന നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡറുകൾ ക്ഷണിക്കുന്നതും നിയന്ത്രിക്കുന്നതും ഇനി ഈ കോർപറേഷൻ ആയിരിക്കും. എങ്കിലും, യഥാർത്ഥ നിർമാണ പ്രവർത്തനങ്ങൾ കരാറുകാർക്കായിരിക്കും നൽകുക.

നിർമാണങ്ങൾക്ക് പുറമെ, പ്രസ്തുത പദ്ധതികളുടെ രൂപരേഖ തയ്യാറാക്കൽ, ആർക്കിടെക്ചറൽ ഡിസൈൻ, പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി, ഗുണനിലവാര പരിശോധന തുടങ്ങിയ സേവനങ്ങളും ടി.എൻ.ഐ.സി.സി ലഭ്യമാക്കും. കൂടാതെ, ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ ഭൂമി കണ്ടെത്തി അവയിൽ നിന്നും വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാനും സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്. ആധുനിക ടൗൺഷിപ്പുകൾ, വ്യവസായ കേന്ദ്രങ്ങൾ, ടെക്നോളജി പാർക്കുകൾ, ഐ.ടി നഗരങ്ങൾ, ബിസിനസ് പാർക്കുകൾ തുടങ്ങിയവ ഇത്തരത്തിൽ വികസിപ്പിക്കും. ദേശീയ, അന്തർദേശീയ തലങ്ങളിൽ സ്വകാര്യ കമ്പനികൾ ക്ഷണിക്കുന്ന നിർമാണ ടെൻഡറുകളിലും നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പങ്കാളികളാകാൻ സ്ഥാപനത്തിന് അനുവാദമുണ്ട്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻ.ബി.സി.സി (ഇന്ത്യ) ലിമിറ്റഡിന്റെ മാതൃക പിന്തുടർന്നാണ് ആവശ്യമായ മാറ്റങ്ങളോടെ ടി.എൻ.ഐ.സി.സി രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തിന്റെ അതിവേഗ നഗരവൽക്കരണവും വർധിച്ചുവരുന്ന അടിസ്ഥാനസൗകര്യ ആവശ്യങ്ങളും പൂർണ്ണമായി കണക്കിലെടുത്താണ് ഈ തീരുമാനം. കൂടുതൽ പ്രൊഫഷനൽ മികവോടെയും മികച്ച പ്രവർത്തന സ്വാതന്ത്ര്യത്തോടെയും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *